പേജുകള്‍‌

2010 മേയ് 18, ചൊവ്വാഴ്ച

ക്വൊട്ടേഷൻ

ഇനി വാങ്ങാനൊക്കും
പളുങ്കു പാത്രത്തിലെ മിട്ടായി പോലെ,
പലഹാരക്കടയിലെ പരിപ്പുവട പോലെ,
പലചരക്കുൽ‌പ്പന്നങ്ങൾ പോലെ
ഒരു തെരുവിന്റെ മാംസ ഗന്ധം.
ജീവനറ്റ തലപ്പാവുകൾക്കിടക്കൂടെ
ഒലിച്ചൂറുന്ന ഒരു ഗ്ലാസ്സ് ചോര.
ചൂടു പോവാതെ ചൂഴ്ന്നെടുത്ത്
ഇമയൊടുങ്ങാത്തൊരിടതു കണ്ണ്.
ബജ്രംഗിയുടെയും മുത്തലിക്കിന്റെയും
കൂട്ടു കച്ചവടത്തിൽ
റെയ്ഡില്ല, ടാക്സില്ല, പൊല്ലാപ്പൊന്നുമില്ല.
നാളും നിറവുമൊത്തുവന്നാൽ
ഹോം ഡെലിവെറി ഫ്രീയായിട്ട്.

2010 മേയ് 8, ശനിയാഴ്‌ച

കിനാലൂരിന്റെ ചോര

ചോര മണക്കട്ടെ, മാംസം കരിയട്ടെ.
വികസനപ്പാതകൾ അതിവേഗം കുതിക്കട്ടെ.
അധികാരി വർഗ്ഗം അധരസേവകരാവുമ്പോൾ
നാടിന്റെ കാവൽക്കാർ യൂദാസുമായി ശയിക്കുമ്പോൾ
വെടിയുണ്ട പായും, തീച്ചീളുകളുതിരും
അകത്തെ പെൺകിടാവിന്റെ തുണിയൂരിമാറ്റും.
ചുകപ്പിന്റെ വീര്യവും വിപ്ലവ സ്വപ്നങ്ങളും
ഇങ്കിലാബിന്റെ കിടിലൻ ധ്വനികളും
മുതലാളി വർഗ്ഗം വീതം വെച്ചെടുത്തെങ്കിൽ
മൂലമ്പള്ളിയും ചെങ്ങറയും പ്ലാച്ചിമടയും
പോരാട്ടിടങ്ങളിലെ അവസാനപ്പേരല്ല.
കിനാലൂരുകൾ പിന്നെയും രക്തവർണം പുതച്ചേക്കാം.
സമരചേരികൾ കരുത്താർജിക്കട്ടെ
ഷൈലോക്കുമാർ വഴിമാറട്ടെ,
ചരിത്രമൊരിക്കലും കുറിച്ചുവെക്കുന്നില്ല,
വിജയത്തിന്റെ താളുകൾ നിണം പുരളാതെ.

2010 ഏപ്രിൽ 14, ബുധനാഴ്‌ച

ഇടവഴി

ചെറുതെങ്കിലും
ഇടവഴി വിശാലമായിരുന്നു.
നന്മകളുടെ നടപ്പാതയായിരുന്നു.
പച്ചപ്പിന്റെ ഹൃദയതാളമായിരുന്നു.
നേരുറവകളുടെ വറ്റാക്കനിയായിരുന്നു.
നേരിലേക്കു നീളുന്ന നേർരേഖയായിരുന്നു

ചെറുതെങ്കിലും
ഇടവഴി ശാന്തമായിരുന്നു.
പേടിപ്പെടുത്തുന്ന മൗനമായിരുന്നു.
ഏകാന്തതയുടെ ഇരുളായിരുന്നു.
കാണാക്കിനാക്കളുടെ നൊമ്പരമായിരുന്നു.
കറയേൽക്കാത്ത കനിവിന്റെ തണലായിരുന്നു.

ഇടവഴി പിന്നെയും നീളുന്നു.
സൗഹൃദത്തിന്റെ ഉമ്മറപ്പടിയിലേക്ക്‌.
സന്തോഷത്തിന്റെ വെളുത്ത പ്രഭാതങ്ങളിലേക്ക്‌.
സന്താപത്തിന്റെ ഇരുണ്ട നനവിലേക്ക്‌.
സങ്കൽപ്പങ്ങളുടെ നിറയൗവനങ്ങളിലേക്ക്‌.
പ്രണയിനികളുടെ പുലരാ കിനാക്കളിലേക്ക്‌....